Wednesday 2 January 2013

Comedy Retreat

കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോള്‍...

കുഞ്ഞുങ്ങളുള്ള അമ്മാര്‍ക്ക് അവരുടെ ഭക്ഷണകാര്യത്തില്‍ എപ്പോഴും സംശയങ്ങളാണ്. കുഞ്ഞ് ആവശ്യത്തിനുള്ള ഭക്ഷണം കഴിയ്ക്കുന്നുണ്ടോ, ഭക്ഷണത്തില്‍ നിന്നും കുഞ്ഞുങ്ങള്‍ക്കാവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കുന്നുണ്ടോ, തുടങ്ങി ഇങ്ങനെ പോകും ഈ സംശയങ്ങള്‍. ഇത്തരം സംശയങ്ങളും വ്യക്തമല്ലാത്ത വിവരങ്ങളും കാരണം കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കുത്തി നിറച്ചു കൊടുക്കാന്‍ ശ്രമിയ്ക്കുന്ന അമ്മമാരുണ്ട്. ഇത് പലപ്പോഴും കുഞ്ഞിന്റെ കരച്ചിലിലും ഛര്‍ദിയിലും മറ്റുമായിരിക്കും ചെന്ന് അവസാനിയ്ക്കുക. കുഞ്ഞ് ജനിയ്ക്കുമ്പോള്‍ മുതല്‍ ഓരോ മാസങ്ങളിലും കുഞ്ഞ് കഴിയ്‌ക്കേണ്ട ഭക്ഷണത്തിന് വ്യക്തമായ അളവുണ്ട്. ഇത് എത്രയാണെന്ന് അറിയാമെങ്കില്‍ അമ്മമാരുടെ സംശയങ്ങളും കുഞ്ഞിന്റെ കരച്ചിലുമെല്ലാം ഒഴിവാക്കാവുന്നതേയുള്ളൂ. ജനിച്ചയുടന്‍ കുഞ്ഞിന് ആദ്യ മുലപ്പാല്‍ നല്‍കണം. കൊളസ്ട്രം എന്നറിയപ്പെടുന്ന ഇതില്‍ കുഞ്ഞിന്റെ പ്രതിരോധശേഷിയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തില്‍ ജനിയ്ക്കുമ്പോള്‍ ബിലിറൂബിന്‍ എന്ന പദാര്‍ത്ഥമുണ്ടായിരിക്കും. ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇത് മലം വഴി പുറത്തു പോകാനും കൊളസ്ട്രം നല്‍കുന്നതു വഴി സാധിയ്ക്കും. ആറുമാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കിയാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ പറയുക. കുഞ്ഞിന്റെ ദഹനേന്ദ്രിയം ഈ സമയത്ത് പൂര്‍ണവളര്‍ച്ച പ്രാപിച്ചിട്ടില്ല. ഇതുകൊണ്ടു തന്നെ കട്ടിയുള്ള ഭക്ഷണങ്ങള്‍ നല്‍കുന്നത് ദഹിയ്ക്കാനും പ്രയാസമുണ്ടാകും. എന്നാല്‍ മുലപ്പാല്‍ കൊണ്ട് കുട്ടികള്‍ക്ക് വിശപ്പു മാറുന്നില്ലെങ്കില്‍ അഞ്ചു മാസം മുതല്‍ തീരെ കട്ടി കുറഞ്ഞ, ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങള്‍ നല്‍കാം. നല്ലപോലെ വേവിച്ചുടച്ച ധാന്യങ്ങള്‍, ഉടച്ച പഴങ്ങള്‍ എന്നിവ നല്‍കാം. എന്നാല്‍ ഇവ കുറേശെ വീതം നല്‍കുക. കുഞ്ഞിന് ദഹിക്കാന്‍ എളുപ്പത്തിനാണിത്. വയറ്റില്‍ പിടിയ്ക്കുന്നുവെങ്കില്‍ മാത്രം ഇവ തുടര്‍ന്നു നല്‍കാം. ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞിന് അല്‍പം കട്ടിയുള്ള ഭക്ഷണങ്ങള്‍ കൊടുത്തു തുടങ്ങാം. വേവിച്ചുടച്ച ഏത്തപ്പഴം, നേര്‍പ്പിച്ച പശുവിന്‍ പാല്‍, ബേബി ഫുഡ്, നല്ലപോലെ വേവിച്ചുടച്ച ചോറ്, ധാന്യങ്ങള്‍ എന്നിവ ഈ സമയത്ത് നല്‍കാവുന്ന ഭക്ഷണങ്ങളാണ്. പച്ചക്കറികളിട്ട് വേവിച്ച സൂപ്പും നല്‍കാം. കുഞ്ഞിന് ഒരു വയസു തികഞ്ഞാല്‍ മുതിര്‍ന്നവര്‍ കഴിയ്ക്കുന്ന എല്ലാ ഭക്ഷണങ്ങളും കൊടുക്കാമെന്നാണ് പറയുക. എന്നാല്‍ അളവിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. എല്ലാം കുറേശെ വീതം കൊടുക്കുക. മസാല ചേര്‍ക്കാതെ കൊടുക്കുന്നതാണ് കൂടുതല്‍ നല്ലത്. പശുവിന്‍ പാലും നേര്‍പ്പിച്ചു കൊടുക്കാം. കുഞ്ഞിന് ഈ പ്രായത്തില്‍ മുട്ടവെള്ളയും നല്‍കാം. ഇറച്ചി, മത്സ്യം തുടങ്ങിയവ രണ്ടു വയസെങ്കിലുമായ ശേഷം കൊടുക്കുന്നതായിരിക്കും നല്ലത്. ഇത് ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാണിത്.

കുഞ്ഞ് സംസാരിക്കുന്നില്ലേ?

കുഞ്ഞു പിറന്നാല്‍ അച്ഛനുമമ്മയ്ക്കും ഓരോ ഘട്ടവും ഒരു കാത്തിരിപ്പാണ്. കുഞ്ഞ് കമ്‌ഴ്ന്നു തുടങ്ങുന്നത്, മുട്ടില്‍ നടക്കുന്നത്, നടന്നു തുടങ്ങുന്നത് എന്നിവയെല്ലാം ഈ കാത്തിരിപ്പില്‍ പെടുന്നു. മറ്റൊരു കാത്തിരിപ്പാണ് കുഞ്ഞ് അച്ഛാ, അമ്മേ എന്നെല്ലാം വിളിയ്ക്കുന്നത്. പല കുഞ്ഞുങ്ങളിലും സംസാരിക്കുന്നതിന്റെ സമയം വ്യത്യസ്തമാണ്. ചില കുട്ടികള്‍ നേരത്തെ സംസാരിച്ചു തുടങ്ങും. ചില കുട്ടികള്‍ വൈകിയും.എന്നാല്‍ 2 വയസായിട്ടും കുഞ്ഞ് സംസാരിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കില്‍ അല്‍പം ഗൗരവത്തോടെ തന്നെ ഇക്കാര്യമെടുക്കണം. അഞ്ചില്‍ ഒരു കുഞ്ഞിന് വീതം ഈ പ്രശ്‌നമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. സ്പീച്ച് തെറാപ്പി പോലുള്ള ധാരാളം മാര്‍ഗങ്ങള്‍ ഇതിന് പരിഹാരമായുണ്ട്. എന്നാല്‍ ഇതല്ലാതെ വീട്ടില്‍ തന്നെ കുഞ്ഞിന് സംസാരിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കാന്‍ സാധിക്കും. ചിലപ്പോള്‍ കുഞ്ഞ് സംസാരിക്കാത്തത് ആശയങ്ങള്‍ വാക്കുകളായി പ്രകടിപ്പിക്കാന്‍ അറിയാത്തതു കാരണമാകും. ഇതിന് ഏറ്റവും നല്ല വഴി കുഞ്ഞുമായി കൂടുതല്‍ സംസാരിക്കുകയെന്നതാണ്. കുഞ്ഞിനോട് കഴിവതും എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുക. കുഞ്ഞിനെ വാക്കുകള്‍ പറഞ്ഞു പഠിപ്പിക്കുക. വാക്കുകള്‍ പറഞ്ഞ് അത് ഏറ്റുപറയാന്‍ കുഞ്ഞിനെ ശീലിപ്പിക്കുക. മെല്ലെ നിങ്ങള്‍ പറയുന്ന എല്ലാ കാര്യങ്ങളും പറയാന്‍ ഇവര്‍ ശ്രമിക്കുക തന്നെ ചെയ്യും. ചെറിയ ചെറിയ വാക്കുകള്‍ പറഞ്ഞുതുടങ്ങുക. ഒരോ വാക്കുകളുടേയും അര്‍ത്ഥം കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു മനസിലാക്കിക്കൊടുക്കുക. ഉദാഹരണത്തിന് പേന എന്നത് എഴുതാനുള്ളതാണെന്ന് ഉദാഹരണസഹിതം കാണിച്ചു കൊടുക്കുക. ആശയങ്ങള്‍ പെട്ടെന്ന് മനസിലാക്കാനും ഇത് പറയാനും കുഞ്ഞിനെ ഇത്തരം പ്രവൃത്തികള്‍ സഹായിക്കും. കുഞ്ഞിന് പാട്ടു പാടിക്കൊടുക്കുക, കഥ പറഞ്ഞു കൊടുക്കുക എന്നതും നല്ല ശീലങ്ങള്‍ തന്നെ. സംസാരിക്കാന്‍ മാത്രമല്ല,ക കാര്യങ്ങള്‍ മനസിലാക്കാനും കുഞ്ഞിനെ ഇത് സഹായിക്കും. കുഞ്ഞുങ്ങളെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കണം. പുറത്തു കൊണ്ടുപോകുക, കുട്ടികള്‍ക്കിടയില്‍ കൊണ്ടുപോവുക എന്നതും നല്ലതു തന്നെ. ഇതെല്ലാം കുഞ്ഞിനെ ആശയവിനിമയത്തിന് സഹായിക്കുന്ന ഘടകങ്ങള്‍ തന്നെ. കുട്ടിക്ക് പാട്ടുകള്‍ വച്ചു കൊടുക്കുക, കാര്‍ട്ടൂണുകള്‍ കാണിയ്ക്കുക എന്നതും നല്ലതു തന്നെ. വീട്ടില്‍ കൊടുക്കാവുന്ന എല്ലാ കാര്യങ്ങളും ചെയ്ത ശേഷം കുഞ്ഞ് സംസാരിക്കുന്നില്ലെങ്കില്‍ വിദഗ്ധാഭിപ്രായം തേടുന്നതാണ് നല്ലത്.