Thursday 28 July 2011

കോടതി കൂടെയുള്ളപ്പോള്‍ ധൈര്യമായി റേപ് ചെയ്യാം

കൊച്ചുകുട്ടിയായിരുന്നപ്പോള്‍ (സ്റ്റാന്‍ഡാര്‍ഡ് 8-9)സ്ഥിരമായി ഞാനൊരു പെണ്ണിന്‍റെ വായില്‍ നോക്കുമായിരുന്നു. അവളുടെ നുണക്കുഴികള്‍ കാണാനുള്ള കൊതി കൊണ്ടും ചിരിക്കുമ്പോള്‍ ആകെമൊത്തമുള്ള സൗന്ദരാധിക്യം ആസ്വദിക്കാനുള്ള ആവേശം കൊണ്ടുമാണ് അങ്ങനെ ചെയ്തിരുന്നത്. കുറെക്കാലം നോക്കിക്കഴിഞ്ഞപ്പോള്‍ എനിക്കു ബോറടിച്ചു. എന്നും ഒരേ നുണക്കുഴി, ഒരേ ചിരി- ആര്‍ക്കായാലും ബോറടിക്കും. അതു കഴിഞ്ഞപ്പോള്‍ നുണക്കുഴിയില്ലാത്ത ഒരുത്തിയെ നോക്കാന്‍ തുടങ്ങി. അപ്പോള്‍ നുണക്കുഴി ക്ഷുഭിതയായി എന്നോടു പറഞ്ഞു- ഒരു പെണ്ണിനോടും ഇങ്ങനെ ചെയ്യരുത്. മോഹിപ്പിച്ചു വഞ്ചിക്കുന്നത് എത്ര ജന്മമെടുത്താലും തീരാത്ത പാപമാണ്.

അന്നു ഞാനത് മനസ്സില്‍ കുറിച്ചിട്ടു. ബട്ട് ഒരു സംശയം മാത്രം ബാക്കി നിന്നു. അവളോട് പ്രേമമാണെന്നോ കെട്ടിക്കോളാമെന്നോ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല.പിന്നെങ്ങനെ ഞാനവളെ മോഹിപ്പിച്ചു ? ചുമ്മാ നോക്കി നോക്കി നടന്നപ്പോള്‍ അവള്‍ പലതും മോഹിച്ചിട്ടുണ്ടാവണം. ഞാനാണെങ്കില്‍ എട്ടാം ക്ലാസ്സിലേ സിക്സ് പായ്‍ക്ക് ആണ്. പിന്നെ, ജീവിതത്തില്‍ പലപ്പോഴും സ്ത്രീകള്‍ ഇതേ ഡയലോഗ് ആവര്‍ത്തിച്ചു. ഞാനതൊക്കെ മനസ്സില്‍ അവശേഷിച്ചിരുന്ന സ്ഥലത്ത് കുറിച്ചിട്ടു. ഇപ്പോള്‍ ചെന്നൈയില്‍, വിവാഹവാഗ്ദാനം നല്‍കി എല്ലാത്തരം ബന്ധങ്ങളും അബോര്‍ഷനും വരെ നടത്തിയ മലയാളിയുടെ കാമുകി അയാളുടെ കുഞ്ഞിനെ കൊന്നു പെട്ടിയിലാക്കി പ്രതികാരം ചെയ്ത വാര്‍ത്ത വായിച്ചപ്പോള്‍ സത്യത്തില്‍ ഒരുള്‍ക്കിടിലമാണ്. മലയാളിയായ കുഞ്ഞിന്‍റെ അച്ഛന്‍ എന്‍റെ സഹപാഠിയും സുഹൃത്തുമാണ് എന്നതും കിടിലത്തിനു കാരണമായിട്ടുണ്ടാവണം.

എങ്കിലും, ആത്യന്തികമായി പ്രണയം നിഷേധിക്കപ്പെടുന്ന പുരുഷന്‍ പെണ്ണിന്‍റെ കഴുത്തറക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്യുമ്പോള്‍ അവള് അവനെ പുറകേ നടത്തിയിട്ടു പറ്റിച്ചു കാണും എന്ന മട്ടില്‍ ഈസിയായി കണ്‍ക്ലൂഡ് ചെയ്യുന്ന സമൂഹം അതിനേക്കാള്‍ ക്രൂരമായ വഞ്ചനക്കു വിധേയയാകുന്ന സ്ത്രീ ദുര്‍ഗയെപ്പോലെ പ്രതികാരത്തിനു മുതിരുമ്പോള്‍ പൊതുവേ ഞെട്ടിത്തരിച്ചു നില്‍പാണ്. അവിഹിതബന്ധത്തിലാറാടുന്ന എന്‍റെ ഏതാനും സുഹൃത്തുക്കള്‍ക്കു കുറെ ദിവസമായി ഉറക്കമില്ല. ഈശ്വരാ, ഈ പെണ്ണുങ്ങള്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്നൊരു പേടി… പേടി നല്ലതാണ് എന്നാണെന്‍റെ വ്യക്തിപരമായ അഭിപ്രായം.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം എന്നു പറഞ്ഞാല്‍ ക്രൂരബലാല്‍സംഗവും കൂട്ടബലാല്‍സംഗവും (പുരുഷത്വത്തിന്‍റെ ലക്ഷണമായാണ് ചില ഷണ്ഡന്‍മാര്‍ അതിനെ കാണുന്നത്)കഴിഞ്ഞാല്‍ പിന്നെ ലിസ്റ്റില്‍ അധികമൊന്നുമില്ല. അധ്യാപകന്‍റെ കൈവെട്ടുന്നതുപോലെയുള്ള സംഭവങ്ങളോടു കാണിക്കുന്ന ഒരു ഞെട്ടലും പ്രതികരണങ്ങളും സമൂഹമോ മാധ്യമങ്ങളോ ഈ വിഷയങ്ങളില്‍ കാണിക്കാറുമില്ല. സൂര്യനെല്ലി കേസ് മുതല്‍ നമ്മള്‍ ഇതൊക്കെ ചര്‍ച്ച ചെയ്തതാണ്. ഒരു പെണ്‍കുട്ടിയെ പത്തു നാല്‍പതു മാന്യന്‍മാര്‍ പീഡിപ്പിച്ച വാര്‍ത്ത നമ്മള്‍ വായിച്ചത് അതില്‍ അവരുടെ മെത്തേഡുകളുടെ വല്ല വിവരണവുമുണ്ടെങ്കില്‍ ഒരുത്തേജനമാകുമല്ലോ എന്നു കരുതിയാണ്. ഇതെല്ലാം കഴിഞ്ഞിട്ട് ചിലര്‍ പറഞ്ഞത് അല്ല പത്ത് നാല്‍പത് ദിവസം അവന്‍മാരുടെ കസ്റ്റഡിയില്‍ ഇരുന്നിട്ട് അവള്‍ക്കു രക്ഷപെടാന്‍ മേലായിരുന്നോ.. അപ്പോ സംഗതി വേറെയാണ് എന്നാണ്. കോടതിയിലെ സ്മാര്‍ത്തവിചാരത്തെ പേടിച്ചു മാത്രം പരാതി പിന്‍വലിച്ച പെണ്‍കുട്ടികളുമുണ്ട്. സിനിമ കണ്ടിട്ട് അതിന്‍റെ തിരക്കഥയെ വിമര്‍ശിക്കുന്ന ലാഘവത്തോടെ നമ്മള്‍ വിമര്‍ശിക്കുന്നതും വിധിയെഴുതുന്നതും പിച്ചിച്ചീന്തപ്പെട്ട ഒരു ജീവിതത്തെപ്പറ്റിയാണെന്ന് ഓര്‍ക്കാറില്ല.

ഇതൊക്കെ പറഞ്ഞു തുടങ്ങിയാല്‍ ഒരവസാനവുമുണ്ടാകില്ല. എന്നാല്‍, എന്തു പറഞ്ഞാലും നമ്മള്‍ ആശ്വാസത്തിനായി പറയുന്ന ഒന്നുണ്ട്- നിയമം എപ്പോഴും സ്ത്രീകളുടെ കൂടെയാണ് എന്ന്. എഴുതിവച്ചിരിക്കുന്നതൊക്കെ എങ്ങനെ തന്നെയാണ്. വനിതാ കമ്മിഷന്‍ തുടങ്ങി അനേകം അനേകം പ്രസ്ഥാനങ്ങള്‍ സ്ത്രീകുടെ കൂടെ നില്‍ക്കാന്‍ ഇവിടെയുണ്ട്. അതവള്‍ക്കു കിട്ടേണ്ടതു തന്നെയാണ് എന്നൊക്കൊണ് നിലപാട് എന്നതു വേറെ കാര്യം.

വിശ്വാസമെന്ന നിലയ്‍ക്കെങ്കിലും ബാക്കിയുള്ള ഈയൊരാശ്വാസം കൂടി നഷ്ടപ്പെടുന്ന മുംബൈ ഹൈക്കോടതിയുടെ വിധി സ്ത്രീയെ അമ്മയെപ്പോലെയും ദേവിയെപ്പോലെയും കണ്ടു ബഹുമാനിക്കുന്ന ഭാരതീയസംസ്കാരത്തെ ഞെട്ടിക്കേണ്ടതാണ്. വിവാഹവാഗ്‌ദാനം നല്‍കി കബളിപ്പിച്ചു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതു ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് മുംബൈ ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പത്തു വര്‍ഷത്തെ തടവിനു വിധിക്കപ്പെട്ട സന്ദീപ്‌ റാത്തോഡ്‌ എന്ന വനം വകുപ്പു ജീവനക്കാരനെ കോടതി നിഷ്കരുണം വിട്ടയക്കുകയും ചെയ്തു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ മനസില്ല എന്നു വനംവകുപ്പ് പറഞ്ഞിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കേസ് കൊടുത്തത്.

സ്ത്രീകള്‍ ആയുധമെടുക്കുമ്പോള്‍ ഞെട്ടിയിട്ടു മാത്രം കാര്യമില്ല എന്നാണിപ്പോള്‍ തോന്നുന്നത്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ച കേസില്‍ അകത്തു കിടക്കുന്ന അനേകം വിരുതന്‍മാര്‍ക്ക് ആവേശം പകരുന്ന വിധിയാണിത്. ഈ വിധിയും പൊക്കിപ്പിടിച്ച് അവര്‍ക്കിനി അപ്പീല്‍ പോകാം. പരിഗണിക്കപ്പെടുമോ ഇല്ലയോ എന്നതല്ല, തങ്ങള്‍ തെറ്റുകാരല്ല എന്നു വിശ്വസിക്കാന്‍ അവര്‍ക്കു ന്യായമുണ്ടോ ഇല്ലയോ എന്നതുമല്ല. വിവാഹജീവിതം സ്വപ്നം കണ്ട് സ്നേഹിക്കുന്ന പുരുഷന് എല്ലാം സമര്‍പ്പിച്ചു വ‍ഞ്ചിക്കപ്പെട്ട സ്ത്രീ ഇനി ഏതു നിയമസംവിധാനത്തെയാണ് ആശ്രയിക്കേണ്ടത് ?

കേരളത്തിലെ അവസ്ഥ ഇതിനെക്കാള്‍ പരിതാപകരമാണ്. വിവാഹവാഗ്ദാനം നല്‍കി ദുരുപയോഗിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ഇവിടെ വാളെടുക്കാറില്ല, സ്നേഹിച്ച ചതിയനെ ഒറ്റുകൊടുക്കാറുമില്ല. അടച്ചിട്ട മുറിയില്‍ മതിയാവോളം കരയും, ഒരു സൂചനയും നല്‍കാതെ ആത്മഹത്യ ചെയ്യും. കത്തുവല്ലതും എഴുതിവച്ചിട്ടുണ്ടോ എന്ന ആശങ്ക മാറിക്കിട്ടിയാല്‍ കാമുകന്‍ സേഫ്. ഇനിയിപ്പോള്‍ ധൈര്യം സംഭരിച്ച് പെണ്ണുങ്ങള്‍ കോടതി കയറാമെന്നു വച്ചാല്‍ ? ആ കോടതി പറയുന്നു- ഇതൊക്കെ നാട്ടുനടപ്പല്ലേ.. ഇതൊന്നും പീഡനമല്ല എന്ന്. അപ്പോള്‍, ഇനി യാതൊരു ഭീതിയുമില്ലാതെ ഞാന്‍ നിന്നെ കെട്ടിക്കോളാം എന്നു വേണമെങ്കില്‍ എഴുതി ഒപ്പിട്ടു കൊടുത്തിട്ടായാലും സ്ത്രീകളെ ദുരുപയോഗിക്കാം. എന്തെങ്കിലും പ്രശ്നം വന്നാല്‍ മുംബൈ ഹൈക്കോടതി ഒപ്പമുണ്ട്. ‍

സൂനാമി വാര്‍ത്തകള്‍ *

സംഗതി ജപ്പാനിലായതുകൊണ്ട് നമുക്ക് കാര്യമെളുപ്പമായി. അവിടുള്ള മലയാളികളുടെ കാര്യം മാത്രമന്വേഷിച്ചാല്‍ മതി. ഇതു ജപ്പാനില്‍ മാത്രം സംഭവിക്കുന്നതെന്തോ ആണെന്ന ലാഘവത്തോടെ നമ്മള്‍ അഭിപ്രായങ്ങള്‍ പൂശി കൂളായിട്ടിരിക്കുകയാണ്. കടലും തിരയും ഇവിടൊക്കെത്തന്നെ കാണും എന്നൊരുത്തനും മറക്കേണ്ട. ഇന്ത്യയിലൊരു സൂനാമി വന്നുപോയതിന്റെ ഞെട്ടല്‍ നമുക്ക് മാറിയിട്ടില്ല എങ്കിലും ഒന്നുകൂടി വന്നാല്‍ അതിനെ മുതലാക്കാനുള്ള കുരുട്ടുബുദ്ധി നമ്മള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. പഴയ സൂനാമി കഴിഞ്ഞിട്ട് ഇവിടെ രാഷ്ട്രീയ-സാംസ്കാരിക-മാധ്യമരംഗങ്ങളില്‍ കുതിച്ചു ചാട്ടം സംഭവിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കണ്‍മുന്നില്‍ വരുന്നതെല്ലാം രാഷ്ട്രീയവല്‍ക്കരിക്കുന്ന നമ്മുടെ നാട്ടിലാണ് ഈ സൂനാമി വന്നിരുന്നതെങ്കില്‍ മരണസംഖ്യ മുതലങ്ങോട്ട് നമ്മുടെ താല്‍പര്യങ്ങളും നേതാക്കന്‍മാരുടെ താല്‍പര്യങ്ങളും മാധ്യമതാല്‍പര്യങ്ങളും എങ്ങനെ മാറിമറിഞ്ഞേനെ എന്നത് ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. സൂനാമി ഇന്ത്യയില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ മാധ്യമങ്ങളും നേതാക്കളും ജപ്പാനിലായിരുന്നെങ്കില്‍ പത്രങ്ങളില്‍ നമ്മള്‍ എന്തു വായിച്ചേനെ ?

സൂനാമി- നഷ്ടപരിഹാരം 2ലക്ഷം
സൂനാമി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതവും വീടു നഷ്ടപ്പെട്ടവര്‍ക്ക് 50,000 രൂപ വീതവും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കാണാതായവരെപ്പറ്റി അന്വേഷിക്കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ സൂനാമി സെല്ലുകള്‍ തുറന്നു. താലൂക്ക് -പഞ്ചായത്ത് തലങ്ങളില്‍ ഹെല്‍പ്‍വൈലൈനുകളും ആരംഭിച്ചു.

തിരകളോട് കളിച്ച്; തിരയില്‍ കുളിച്ച്
സൂനാമിതിരകള്‍ ആര്‍ത്തലച്ചു വരുമ്പോള്‍ മുന്നറിയിപ്പ് അവഗണിച്ച് സൂനാമി വരുന്ന വരവ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താനായി തീരത്ത് തമ്പടിച്ചിടിരുന്ന നൂറു കണക്കിനാളുകള്‍ ആദ്യത്തെ തിരയില്‍ തന്നെ ഒഴുകിപ്പോയി. എല്ലാവരും തീരത്തു നിന്നൊഴിഞ്ഞുപോകണമെന്ന പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് തീരത്തു തന്നെ നില്‍ക്കുകയായിരുന്നു ഇവര്‍. സര്‍ക്കാരിന്റെ സൂനാമി ടൂറിസം പദ്ധതിയുടെ ഭാഗമായി എത്തിയവരെയും കാണാതായിട്ടുണ്ട്. സൂനാമി ലൈവ് കാണിച്ചുകൊണ്ടിരുന്ന കംപ്ലീറ്റ് ചാനലുകാരും ഒഴുകിപ്പോയിട്ടുണ്ട്.

സൂനാമി നഷ്ടപരിഹാരം പെരുമാറ്റച്ചട്ടലംഘനമെന്ന്; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി
സൂനാമിദുരന്തത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.സൂനാമിക്കിരയായവരെ സ്വാധീനിച്ച് വോട്ടു നേടുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ അടിയന്തിരമായി നഷ്ടപരിഹാരം പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

സൂനാമി അരിവിതരണം സിപിഎമ്മുകാര് അലങ്കോലമാക്കി: ദുരിതാശ്വാസക്യാംപ് അടിച്ചു തകര്‍ത്തു
സൂനാമി ക്യാംപുകളില്‍ പട്ടിണി കിടക്കുന്നവര്‍ക്കു കേന്ദ്ര ഫണ്ടില്‍ നിന്ന് അരിവിതരണം ചെയ്യുന്നതറിഞ്ഞ് സിപിഎം പ്രവര്‍ത്തര്‍ എത്തിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. അരിവിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസക്യാംപിലേക്ക് മുദ്രാവാക്യം വിളിച്ചെത്തിയത്. ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ വിതരണം ചെയ്യാന്‍ വച്ചിരുന്ന അരി കടലിലൊഴുക്കി. സ്ത്രീകളും കുട്ടികളുമടക്കം ദുരിതാശ്വാസ ക്യാംപിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍്ന്ന് പ്രവര്‍ത്തകര്‍ ക്യാംപ് അടിച്ചു തകര്‍ത്തു തീയിട്ടു.

ദുരിതഭൂമിയില്‍ രാഹുല്‍: കണ്ണീരടക്കാനാവാതെ ജനം
സൂനാമി ദുരിതമേഖലയില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ദുരിതബാധിതരെ വിസ്മയിപ്പിച്ചു. ഇന്നലെ രാവിലെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം എത്തിയത്. ഇതുവരെ സംസ്ഥാന മുഖ്യമന്ത്രിയോ നേതാക്കന്‍മാരോ പോലും തിരിഞ്ഞുനോക്കാത്ത മേഖലകളിലാണ് രാഹുല്‍ തന്റെ സാന്നിധ്യമറിയിച്ചത്. ഷിബു എന്ന കള്ളപ്പേരിലാണ് രാഹുല്‍ അവിടെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിരുന്ന പൊലീസുകാര്‍ രാഹുലിന്റെ സുരക്ഷയ്‍ക്കായി രാവിടെ മുതല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി ഓടിനടന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താനാവാതെ കുഴങ്ങി. ഷിബു വന്നിരിക്കുന്നു എന്നു കേട്ട് എത്തിയ ദുരിതബാധിതരില്‍ ചിലര്‍ കണ്‍മുന്നിലുള്ളത് രാഹുല്‍ ആണെന്നു തിരിച്ചറിഞ്ഞ് ബോധരഹിതരായി. അവരുടെ മുഖത്ത് അദ്ദേഹം വെള്ളം തളിച്ചുണര്‍ത്തി. ദുരിതാശ്വാസക്യാംപുകളിലെ സ്ഥിതിവിശേഷങ്ങള്‍ അദ്ദേഹം അവരോട് അന്വേഷിച്ചു. സൂനാമി ദുരിതത്തില്‍ പെട്ടെങ്കിലും ഗാഹുല്‍ ഗാന്ധിയെ കാണാനായല്ലോ എന്ന സന്തോഷത്തിലായിരുന്നു ജനം.

സൂനാമി: കേരള കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റുകള്‍ വേണമെന്നു മാണി
സൂനാമി കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രസക്തി വര്‍ധിപ്പിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ 18 സീറ്റിനു പകരം തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനു 38 സീറ്റുകള്‍ നല്‍കണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളിലൊന്നും സൂനാമി ഉണ്ടായിട്ടില്ല എന്നത് കേരളത്തിലെ എല്ലാ മണ്ഡലങ്ങളും കേരള കോണ്‍ഗ്രസിന്റേതാവുന്നതാണ് നല്ലത് എന്ന സൂചനയാണ് നല്‍കുന്നത്. സൂനാമി സാധ്യത കണക്കിലെടുത്ത് തീരദേശമണ്ഡലങ്ങള്‍ കൂടി വിട്ടുതരണമെന്നാണ് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി ആവശ്യപ്പെടാനിരിക്കുന്നത്.

സൂനാമിസഹായം ചോദിച്ച കത്ത് കേന്ദ്രം മുക്കിയെന്ന് മുഖ്യമന്ത്രി;
സഹായമായി അയച്ച ചെക്കും കത്തും മുഖ്യമന്ത്രി മുക്കിയെന്നു കേന്ദ്രം
സൂനാമി സഹായം ചോദിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്ത് കേന്ദ്രസര്‍ക്കാര്‍ മുക്കിയെന്നും കേരളം വല്ല സഹായം ചോദിച്ചിരുന്നെങ്കില്‍ തന്നേനെ എന്നു കേന്ദ്രം പറയുന്നത് പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതേ സമയം, സൂനാമി ഉണ്ടായെന്നു കേട്ടപ്പോള്‍ തന്നെ അടിസന്തിരസഹായമായി രണ്ടായിരം രൂപയുടെ ഒരു ചെക്കും എന്താവശ്യമെങ്കിലും ചോദിക്കാന്‍ മടിക്കരുതെന്ന് പറയുന്ന കത്തും കേരളത്തിന് അയച്ചിരുന്നെന്നും അത് മുഖ്യമന്ത്രി പൂഴ്‍ത്തി വച്ചിരിക്കുകയാണെന്നും കേന്ദ്രം ആരോപിച്ചു. കേരളത്തിന്റേതായ ഒരു കത്ത് കിട്ടിയിട്ടെന്നു കേന്ദ്രവും കേന്ദ്രത്തിന്റെ ചെക്കും കത്തുമൊന്നും ഇവിടാര്‍ക്കും കിട്ടിയിട്ടില്ലെന്നു മുഖ്യമന്ത്രിയും പറഞ്ഞു.

ജി.സുധാകരന്റെ സൂനാമി കവിതകള്‍ പ്രകാശനം ചെയ്തു
സൂനാമി ദുരന്തത്തെപ്പറ്റി മന്ത്രി സുധാകരന്‍ രചിച്ച ‘പ്രകൃതീ തവ സുനാമി വികൃതി മമ ജീവിതം കുളംതോണ്ടി’ എന്ന കവിതാസമാഹാരം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സുനാമി കേരളത്തിലെ സാധാരണക്കാരെ എത്രത്തോളം വേദനിപ്പിച്ചു എന്നതിന്റെ പച്ചയായ ആവിഷ്കാരമാണ് കവിതകളില്‍ തെളിയുന്നത്. കവിതാസമാഹാരത്തിന് ഒഎന്‍വി കുറുപ്പിന്റെ അവതാരികയുമുണ്ട്. ഈ കവിതകള്‍ക്ക് ഇളയരാജ സംഗീതം നല്കി കാസെറ്റ് രൂപത്തില്‍ പുറത്തിറക്കുമെന്നും പ്രസാധകരായ ഡീആന്‍സീ പബ്ലിക്കേഷന്‍സ് പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടിനി ഒരു സൂനാമി വരാനുള്ള സാധ്യത വളരെ കുറവാണ്. ചെറിയ കാര്യങ്ങളില്‍ വിശ്വസസ്തത പുലര്‍ത്തുവനേ വലുത് കിട്ടൂ എന്നാണ് ബൈബിള്‍ പറയുന്നത്. ചെറിയ സൂനാമിയോട് നമ്മള്‍ ചെയ്ത വിശ്വാസവഞ്ചന ലോകത്തൊരു സൂനാമിയോടും ഒരു സമൂഹവും ചെയ്യാത്താണ്. സൂനാമി ദുരിതബാധിതര്‍ ഇപ്പോഴും ആശ്വാസമില്ലാതെ അലയുമ്പോള്‍ സൂനാമി ഫണ്ട് നമ്മള്‍ മലമടക്കുകളില്‍ ഇന്‍വെസ്റ്റ് ചെയ്തു. അവിടെ നിന്നാല്‍ 1000 അടി താഴെ അറബിക്കടലിന്റെ തിളക്കം കാണാമെന്നതാണ് കാര്യം. ഇതിന്റെ പേരില്‍ പണപ്പിരിവു നടത്തി വെട്ടിച്ച കോടികള്‍ക്കു കണക്കില്ല. നാണവും മാനവുമുണ്ടെങ്കില്‍ സൂനാമി ഇനി ഈ തീരമടുക്കില്ല.

*ഇതൊക്കെയല്ലേ ഒരു രസം. ഒന്നും ശരിക്കുള്ള വാര്‍ത്തകളല്ല,ഈ വാര്‍ത്തകളില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഇതില്‍ പ്രദിപാദിക്കുന്ന വിഷയങ്ങളുമായി ബന്ധമുള്ളതല്ല (നിയമപരമായ മുന്നറിയിപ്പ്).

ലെന്‍സ് ഒരു ആര്‍ഭാടമാണ്

ടയര്‍ ഇല്ലാത്ത കാര്‍ എന്നോ ചിറകില്ലാത്ത വിമാനമെന്നോ കേള്‍ക്കുന്നതുപോലെ ഒരു അമ്പരപ്പ് അനിവാര്യമാണ് ലെന്‍സ് ഇല്ലാത്ത ക്യാമറ എന്നു കേള്‍ക്കുമ്പോള്‍. ഫൊട്ടോഗ്രഫിയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതാനൊന്നുമല്ലെങ്കിലും ക്യാമറയുടെ അടിസ്ഥാനതത്വങ്ങളെ കണക്കുകൊണ്ട് പൊളിച്ചെഴുതുന്ന സാധനമാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന പ്ലാനര്‍ ഫൊറിയര്‍ ക്യാപ്ചര്‍ അറെ (Planar Fourier Capture Array-PFCA) എന്ന ലെന്‍സ് ഇല്ലാത്ത ക്യാമറ. ക്യാമറ എന്നു വിളിക്കാമെങ്കിലും ഫാമിലി ഫോട്ടോ എടുക്കാനോ സ്റ്റുഡിയോയില്‍ പടങ്ങളെടുക്കാനോ ഇത് പ്രയോജനപ്പെടില്ല. മൊബൈല്‍ ഫോണില്‍ പോലും മെഗാപിക്‌സല്‍ ക്യാമറകള്‍ ആഘോഷിക്കപ്പെടുമ്പോള്‍ ലെന്‍സില്ലാത്ത ക്യാമറ നല്‍കുന്ന ചിത്രത്തിന്റെ പരമാവധി നിലവാരം 20 പിക്‌സല്‍ ആണ്. ക്യാമറ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമാകുന്ന, എന്നാല്‍ ക്യാമറ ഉപയോഗം പ്രായോഗികമായി അസാധ്യമായ സാഹചര്യങ്ങളില്‍ ഈ ലെന്‍സില്ലാ വിസ്മയം ചരിത്രം സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്.

വെറും 20 പിക്‌സല്‍ കൊണ്ട് എന്തു കാണാനാണ് എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല. എല്ലാം കൂടുതല്‍ വ്യക്തമായി കാണാനല്ല, അന്ധരകാരത്തില്‍ നിന്നു അവ്യക്തമായെങ്കിലും വല്ലതും കാണാനാണ് ലെന്‍സില്ലാ ക്യാമറ ശാസ്ത്രത്തെ സഹായിക്കുക. പലകുറി കണ്ടു മടുത്ത കാഴ്ചകളിലേക്കല്ല, ഇതുവരെ ആരും കാണാത്ത കൗതുകങ്ങളിലേക്കാണ് ലെന്‍സ്് ഫ്രീ ക്യാമറ കണ്ണുതുറക്കുക എന്നു ചുരുക്കം. മില്ലിമീറ്ററിന്റെ നൂറിലൊന്നു കനം, ഒന്നരമില്ലിമീറ്റര്‍ വലിപ്പം, സിഡിയുടെ അകൃതിയിലുള്ള സിലികണ്‍ കണമാണ് സാധനം.ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയും ഇതു തന്നെയാണ്. ശാസ്ത്ര, വൈദ്യശാസ്ത്ര മേഖലകളില്‍ നിരന്തരമായ സൂക്ഷ്മനിരീക്ഷണം ആവശ്യമുള്ള ഘട്ടങ്ങളില്‍ ഈ 20 പിക്‌സല്‍ ലെന്‍സ് ഫ്രീ ക്യാമറ താരമായിരിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനു ശരീരത്തില്‍ ഇംപ്ലാന്റുകള്‍ നടത്തുന്നതിനെക്കുറിച്ചുള്ള ഗവേഷണമാണ് ഈ കണ്ടെത്തലിലെത്തിച്ചതെന്ന് ക്യാമറ വികസിപ്പിച്ചെടുത്ത ഗവേണവിഭാഗം തലവന്‍ പാട്രിക് ഗില്‍ പറയുന്നു.

ക്യാമറയുടെ റെസൊലൂഷനും കൃത്യതയും വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള ഗവേഷണങ്ങളാണ് ഇനി നടക്കാന്‍ പോകുന്നത്. റോബോട്ട് മുതല്‍ റോക്കറ്റ് വരെ ലക്ഷക്കണക്കിന് ഇലക്രേ്ടാണിക് ഉല്‍പന്നങ്ങളില്‍ വിവിധോദേശ്യ നിരീക്ഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കുമായി ഈ ചെറുതരി ക്യാമറ ഉപയോഗിക്കപ്പെടും എന്നതില്‍ സംശയമില്ല.

തങ്കച്ചന്റെ സുവിശേഷവും ജാന്‍സിയുടെ പ്രഘോഷണo

തങ്കച്ചന്‍ തങ്കപ്പെട്ട മനസിലെ ഭ്രാന്തന്‍ ചിന്തകള്‍ക്കു മേലെ ആത്മവിശ്വാസത്തിന്റെ പുത്തന്‍ പുതപ്പ് വലിച്ചിട്ട് രണ്ടാമതും ഉറങ്ങാന്‍ ശ്രമിച്ചു. ഉറക്കം അരുവിത്തുറ പെരുന്നാളിനു പോയിട്ട് വഴി തെറ്റിപ്പോയ കുഞ്ഞാടിനെപ്പോലെ പിന്നെയും നിയോജകമണ്ഡലത്തിനു വെളിയിലൂടെ അലഞ്ഞു നടന്നു. അറിയാതെയെങ്ങാനും ഉറക്കം വന്നാല്‍ -ഹായ് ഉറക്കം വന്നല്ലോ !- എന്നു തങ്കച്ചന്‍ ചിന്തിക്കുന്നതും ഉറക്കം രാജ്യം വിട്ടു പോകും.

അതിസുന്ദരിയായ ഭാര്യ ജാന്‍സിയായിരുന്നു തങ്കച്ചന്റെ ഉറക്കം കെടുത്തിയിരുന്നത്. എങ്കില്‍ പിന്നെ ഝാന്‍സി രാണിയെ വിളിച്ചുണര്‍ത്തി ഉറക്കരാഹിത്യം അങ്ങ് മുതലാക്കരുതായിരുന്നോ എന്നു ചോദിക്കരുത്. വിഷയം ‘അത’ല്ല.

കാലങ്ങളോളം ഉറക്കം കെടുത്തിയതിനു ശേഷമാണ് ആറ് മാസം മുമ്പ് തങ്കച്ചന്‍ ജാന്‍സിക്ക് താലീസ് കൊടുത്തത്.അതോടെ അവള്‍ നന്നാവുമെന്നു കരുതിയെങ്കിലും ഉണ്ടായില്ല. പ്രണയം മരിച്ച് ദാമ്പത്യം എന്ന പേരില്‍ പുനര്‍ജനിച്ചെങ്കിലും ജാന്‍സി പഴയ ജാന്‍സി തന്നെയായിരുന്നു. തങ്കച്ചന് അതില്‍ ശകലം ആശങ്ക തോന്നാതിരുന്നില്ല.

ഹണിമൂണ്‍ കുളു-മണാലിയില്‍ വേണമെന്നു പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ചെറുകിട കല്ലുകടി. ചുമ്മാ പാലാ-അടിവാരം എന്നൊക്കെ പറയുന്ന ലാഘവത്തോടെയാണ് അവള്‍ കുളു-മണാലി എന്നു പറഞ്ഞു കളഞ്ഞത്. കുളു-മണാലിയെ തങ്കച്ചന്‍ മൂന്നാര്‍-മറയൂര്‍ ആക്കി ഒരുവിധം പ്രശ്നം പരിഹരിച്ചു. അപ്പോള്‍ വരുന്നു അടുത്ത ഡിമാന്റ്.-വേറെ വീടെടുത്തു മാറണം.

ഇവിടെ നിനക്കെന്നാത്തിന്റെ ഏനക്കേടാണെന്നു ചോദിച്ചപ്പോള്‍ തെല്ലും ശങ്കിക്കാതെ അവള്‍ പെട്ടിയില്‍ നിന്നൊരു കടലാസ് എടുത്തു നീട്ടി. വിശുദ്ധ തങ്കച്ചന്റെ നാല്‍പത്തിയേഴാം പ്രേമലേഖനം,മൂന്നാം ഖണ്ഡിക,നാലു മുതല്‍ ഒന്‍പത് വരെയുള്ള വാക്യങ്ങള്‍.

അതായത്,വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസം തന്നെ വേറെ വീട് അന്വേഷിച്ചു കണ്ടു പിടിക്കുന്നതും അത് വിലകൊടുത്തു വാങ്ങുകയോ പറ്റിയില്ലെങ്കില്‍ വാടകയ്‍ക്ക് കൈവശപ്പെടുത്തുകയോ ചെയ്ത് ജാന്‍സിപ്പുണ്യവതിയെ അതിന്റെ മധ്യസ്ഥയായി അവരോധിക്കുന്നതാണ്. തുടര്‍കാലം പുണ്യവതിയുടെ അവയവങ്ങള്‍ (കൈ,കാല്‍ മുതലായവ)കഴുകിയ ജലം പാനം ചെയ്ത് അടിയന്‍ അവിടെ അര്‍മാദിക്കുന്നതുമാകുന്നു.

തങ്കച്ചന്റെ ശ്വാസം നിലച്ചു പോയി. ഇതൊക്കെ ഏതുകാലത്ത് എഴുതപ്പെട്ടതാണ്. മാനിപ്പുലേഷന്‍ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കണം.

ജാന്‍സി തനത് മലയാളം ഉപയോഗിച്ചു (ഇത് ഇപ്പോള്‍ ഭരണങ്ങാനം മേഖലയില്‍ മാത്രമേ പ്രചാരത്തിലുള്ളൂ). തങ്കച്ചന്‍ വഴങ്ങി.രാത്രിയില്‍ ഉറങ്ങാതെയിരുന്ന് ഓരോന്ന് കുത്തിക്കുറിച്ചതൊക്കെ നേരം പുലരും മുമ്പേ കീറിക്കളയേണ്ടതായിരുന്നു എന്നു തങ്കച്ചനു തോന്നി. കാലാകാലങ്ങളായി ഇതൊക്കെ ഓരോ പെണ്ണുങ്ങള്‍ക്കയച്ചു കൊടുത്ത് പണ്ടാരമടങ്ങിയിട്ടുള്ളവര്‍ അനവധി നിരവധിയാണ്.

വീടെടുക്കുന്നോ ഇല്ലയോ ?

തങ്കു വീടെടുത്തു. മൊതലുകളെല്ലാം വാരിക്കൊണ്ടു പോയി പ്രതിഷ്ഠിച്ചു. ജീവിതം തുടങ്ങിയതായി പ്രഖ്യാപിച്ചു. അടുത്ത ഡിമാന്റ് വയ്‍ക്കുന്നതിനു മുമ്പേ ഇവളെ ഒതുക്കണം. ഇല്ലെങ്കില്‍ ശിഷ്ട ദാമ്പത്യത്തിനു മുകലില്‍ മഹാമേരുവായി ഇവളുടെ ഇംഗിതങ്ങല്‍ പടര്‍ന്നു കയറും.

തങ്കച്ചന്‍ പലരുമായും കണ്‍സള്‍ട്ട് ചെയ്തു. പലരും പല വഴികളും ഉപദേശിച്ചു. ഭാര്യയെ ഒതുക്കാന്‍ പത്ത് വഴികള്‍ എന്ന പോസ്റ്റ് ഒരു ബ്ലോഗില്‍ വായിച്ചതോടെ തങ്കച്ചന്‍ പോംവഴി കണ്ടെത്തി. എത്രയും വേഗം ഭാര്യയെ അമ്മയാക്കണം എന്നതാണ് സൂത്രവിദ്യ.

വുമണ്‍ ഓണ്‍ ടോപ് എന്നുറക്കത്തില്‍ പോലും പറയുന്ന അതിവതീവ്രഫെമിനിസ്റ്റാണ് ജാന്‍സി. ചാന്‍സ് കുറവാണ്. എങ്കിലും തങ്കച്ചന്‍ പരിശ്രമിച്ചു. കാര്യങ്ങള്‍ മുറ പോലെ നടന്നെങ്കിലും ജാന്‍സി ഗര്‍ഭിണിയായില്ലെന്നു മാത്രമല്ല തങ്കച്ചന്‍ ഭീതിയോടെ കാത്തിരുന്ന അടുത്ത പ്രഖ്യാപനം അടുത്ത ദിവസത്തെ പരിശ്രമത്തിനിടയിലുണ്ടായി.- എനിക്കു ഡ്രൈവിങ് പഠിക്കണം !

ങ്ഹും! ഇനി പഠിക്കാനെന്തിരിക്കുന്നു..യു ആര്‍ ഡ്രൈവിങ് വൈല്‍ഡ് ഹണി !(നാഷനല്‍ പെര്‍മിറ്റ് ലോറിയോടു ചെയ്യേണ്ടതാണ് ടോപ് വുമണായ നീ ഈ പാവം മാരുതിയോടു ചെയ്യുന്നത്)

എന്തു പറഞ്ഞാലും ശരി എനിക്കു ഡ്രൈവിങ് പഠിക്കണം…എന്നിട്ടു നമുക്കൊരു കാറ് വാങ്ങണം !

കാറോ ?.. എടീ എനിക്കു പോലും ഡ്രൈവിങ്അറിയാന്‍ മേല… ഡ്രൈവിങ് പഠിക്കാന്‍ അച്ചായന്‍ തന്ന കാശിനാ പണ്ട് നിനക്ക് കാശുമാല വാങ്ങിച്ചു തന്നത്..

ജാന്‍സി തന്റെ ടോപ് ഊരിയെറിഞ്ഞു കൊണ്ട് പറഞ്ഞു-അല്ലെങ്കില്‍ തന്നെ നിങ്ങള്‍ ഡ്രൈവിങ് പഠിച്ചിട്ടെന്തിനാ ? ടാക്സി ഓടിക്കാനൊന്നും പോകുന്നില്ലല്ലോ ? ആദ്യം ഞാന്‍ പഠിക്കട്ടെ !

തങ്കച്ചനെ പിന്നൊന്നും പറയാനനുവദിക്കാതെ ജാന്‍സി കര്‍മനിരതയായി. അടുത്ത ദിവസം തന്നെ ജാന്‍സി ഡ്രൈവിങ് സ്കൂളില്‍ പോയി പേര് കൊടുത്തു. പെണ്ണ് കൈവിട്ടു പോവുകയാണ്. നാളെ ഇവള്‍ വിമാനം പറത്തണമെന്നു പറയും. ഇപ്പോഴെ ഒതുക്കിയില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല.

ഓരോ ദിവസവും ശക്തമായി തങ്കച്ചന്‍ ജാന്‍സിയെ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും തങ്കച്ചന്റെ ഓരോ ശ്രമങ്ങളും ജാന്‍സിയുടെ ലേറ്റ് നൈറ്റ് റിയാലിറ്റി ഷോയില്‍ തകര്‍ന്നു തരിപ്പണമാവുകയായിരുന്നു.

ഒടുവില്‍ അവള്‍ക്ക് ലേണേഴ്സ് ലൈസന്‍സ് കൂടി കിട്ടിയതോടെ തങ്കച്ചന്റെ പ്രതീക്ഷകള്‍ തകര്‍ന്നു അസ്തമിച്ചു.ഇവളെ നേരിട്ടുള്ള പോരാട്ടത്തിലൂടെ ഒതുക്കാന്‍ കഴിയില്ല. കുടില തന്ത്രങ്ങല്‍ കൊണ്ടേ രക്ഷയുള്ളൂ.

പിറ്റേന്നു മുതല്‍ ജാന്‍സി ഡ്രൈവിങ് പഠിക്കാന്‍ പോകുന്ന വഴികളിലൂടെ അട്ടിമറി സ്വപ്നങ്ങളുമായി തങ്കച്ചനും ഒരു ഓട്ടോയില്‍ പിന്തുടര്‍ന്നു.ഓട്ടോ ഡ്രൈവിങ് സ്കൂള്‍ കാറിനെ ഓവര്‍ടേക്ക് ചെയ്യുന്ന സമയം അവളുടെ നഖങ്ങള്‍ പോലെ കൂര്‍ത്ത് നീണ്ട ആണികള്‍ കാറിന്റെ ലോലലോലമായ ടയറുകളില്‍ നിര്‍ദാക്ഷിണ്യം എറിഞ്ഞു പിടിപ്പിച്ചു.

ദീപാവലിക്കാലത്തെ ഓര്‍മിപ്പിച്ചു കൊണ്ട് ശൂ..ശൂ.ഠേ..ഠേ.. ശബ്ദങ്ങള്‍ മുഴക്കി ഡ്രൈവിങ് സര്‍വകലാശാല റോഡിന്റെ ഓരം ചേര്‍ന്ന് നിന്നു. അന്നത്തെ ക്ലാസ്സ് അവിടെ അവസാനിച്ചു. പിറ്റേന്നും അതു തന്നെ ആവര്‍ത്തിച്ചു.ടയറു കമ്പനികല്‍ തങ്കച്ചനെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ ആലോചിച്ചു.

ബ്രാ അംബാസിഡറെപ്പോലെ ലോലമായ ബ്ലൌസും സാരിയും ധരിച്ച് അടുത്ത ദിവസം പോകാനിറങ്ങുമ്പോള്‍ ജാന്‍സി പറഞ്ഞു-പെട്ടീന്ന് ആയിരം രൂപ എടുത്തിട്ടുണ്ടേ.. ഏതോ നാറി കാറിന് എന്നും അള്ള് വയ്‍ക്കുന്നു… ആശാന് ഭയങ്കര സങ്കടം.. ടയറിന്റെ കാശ് ‍ഞങ്ങള്‍ കൊടുത്തേക്കാമെന്നു പറഞ്ഞു.

ഇനീം ആ നാറി അള്ളു വച്ചാല്‍ ? -തങ്കച്ചന്‍ തന്റെ സാധ്യതകള്‍ ആരാഞ്ഞു.

ഇനീം കാശു കൊടുക്കും.. ജാന്‍സി പറഞ്ഞ വാക്ക് പാലിക്കുന്നവളാ !

ഝാന്‍സി റാണി പോയ വഴിയില്‍ നോക്കി തങ്കച്ചന്‍ ചിന്താമഗ്നനായിരുന്നു.അള്ള് ആന്‍ഡ് അസോസിയേറ്റ്സ് പൂട്ടി.ഇനി അടുത്ത കമ്പനി തുടങ്ങണം.തങ്കച്ചന്‍ ഫോണെടുത്തു.

ഹലോ.. മിസ് കുമാരി ഡ്രൈവിങ് സ്കൂളല്ലേ ?..നിങ്ങടെ സ്കൂളില്‍ പഠിക്കുന്ന ജാന്‍സിയെ ഞങ്ങള്‍ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നു…റോഡില്‍ വച്ച് കാര്‍ ആക്രമിച്ച് അവളെ കൊണ്ടുപോകാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്…ചിലപ്പോള്‍ നിങ്ങടെ ഡ്രൈവിങ് സ്കൂള്‍ ഓഫിസ് ബോംബ് വച്ച് തകര്‍ക്കും..

അയ്യോ.. അതെന്തിനാ ?

അവളെ ഡ്രൈവിങ് പഠിപ്പിക്കുന്നത് നിങ്ങളാണല്ലോ.. ഇന്ന് തന്നെ പറഞ്ഞുവിട്ടാല്‍ ബോംബ് വയ്‍ക്കുന്നതൊഴിവാക്കാം…

നിങ്ങളെന്തിനാ ജാന്‍സിയെ തട്ടിക്കൊണ്ട് പോകുന്നത് ?

പണത്തിന്..അവളുടെ കെട്ടിയോന്റെ കൈയില്‍ ധാരാളം പണമുണ്ട്.. അതാണ് ഞങ്ങള്‍ക്കു വേണ്ടത് ..

അയ്യോ ആരാ നിങ്ങള്‍ ?

തീവ്രവാദികള്‍… ടെററിസ്‍റ്റ്സ് സംഘടനയിലെ അംഗങ്ങളാണു ഞങ്ങള്‍ !

തങ്കച്ചന് ആത്മവിശ്വാസം തോന്നി. മിസ് കുമാരി പേടിച്ച് മുള്ളിക്കാണും.ഇതേല്‍ക്കുമെന്നതില്‍ സംശയമില്ല.പതിവിലും നേരത്തെ ജാന്‍സി വീട്ടിലെത്തിയപ്പോള്‍ തങ്കച്ചന്റെ വിശ്വാസം വര്‍ധിച്ചു.പെണ്ണിനെ പിരിച്ചു വിട്ട ലക്ഷണമുണ്ട്.കൊള്ളാം !

സാരി മാറ്റി ഇറുക്കമുള്ള ചുരിദാര്‍ മാത്രമിട്ട് അവളെത്തി തങ്കച്ചനെ രൂക്ഷമായൊന്നു നോക്കിയിട്ട് അകത്തേക്കു പോയി.അകത്തു നിന്ന് തട്ടും മുട്ടും കേട്ട് ചെന്ന് നോക്കുമ്പോള്‍ അലമാരയ്‍ക്കുള്ളില്‍ എന്തോ കാര്യമായി തിരയുകയാണ് ജാന്‍സി.

വാട്ട് ആര്‍ യു സേര്‍ച്ചിങ് ബേബെ ?

നിങ്ങള്‍ക്ക് സ്വിസ് ബാങ്കില്‍ അക്കൌണ്ടുണ്ടോ ?

ഇല്ല.. നമ്മുടെ കോ-ഓപ്പറേറ്റീവ് ബാങ്കിലാണെന്റെ എല്ലാം..

അല്ല ചോദിക്കുവാരുന്നു..അതിന്റെ പാസ് ബുക്ക് ഞാനെടുത്തു.. നാളെ രാവിലെ എന്റെ കൂടെ ബാങ്ക് വരെയൊന്നു വന്നേക്കണം !

ന്തോന്നിനാ ചക്കരേ ?

തീവ്രവാദികള്‍… നിന്നൊരു ഭീഷണിയുണ്ട്..നിങ്ങടെ കാശിനു വേണ്ടി എന്നെ തട്ടിക്കൊണ്ടു പോകുമെന്ന്… എന്നെ തട്ടിക്കൊണ്ട് പോയി അവരങ്ങനിപ്പം കാശുണ്ടാക്കേണ്ട..അതുകൊണ്ട് ?കാശെല്ലാം എന്റെ അക്കൌണ്ടിലേക്കു മാറ്റിയാല്‍ മതി…നിങ്ങളെ തട്ടിക്കൊണ്ട് പോയാലും ശരി അഞ്ച് പൈസ പോലും ഞാനവന്മാര്‍ക്ക് കൊടുക്കില്ല !!!

എടിഎം: എഴുത്തും വായനയുമില്ലാതെ

സങ്കീര്‍ണമായ ഉപയോഗക്രമം പരിചയമില്ലാതെ സാധാരണക്കാര്‍ എടിഎം കൗണ്ടറിനുള്ളിലെ എസിയില്‍ നിന്നു വിയര്‍ക്കുന്ന കാഴ്ചകള്‍ ഇനി അധികനാളുണ്ടാവില്ല. സ്‌ക്രീനില്‍ തെളിയുന്ന ഓപ്ഷനുകളുടെ ആശയക്കുഴപ്പവും തൊഴിച്ചാല്‍പ്പോലും പ്രതികരിക്കാത്ത ടച്ച് സ്‌ക്രീനുകളും ഉപയോക്താക്കളെ പുറത്തെ ക്യൂവില്‍ നില്‍ക്കുന്നവരുടെ ശാപം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാക്കുന്ന കാലം കഴിയുകയാണ്. സാധാരണക്കാര്‍ക്കും ഗ്രാമീണര്‍ക്കും വേണ്ടി എടിഎം നിര്‍മാതാക്കളായ എന്‍സിആര്‍ അവതരിപ്പിക്കുന്ന പില്ലര്‍ എടിഎം നിലവിലുള്ള എടിഎം മെഷീനുകള്‍ക്കിടയിലെ വിപ്ലവമാണ്. സാധാരണ എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കാനുള്ള നൂലാമാലകളും സങ്കീര്‍ണതകളും വലയ്ക്കുന്നവര്‍ക്കും എടിഎം പ്രവര്‍ത്തിപ്പിക്കാനാവാത്ത നിരക്ഷരരായവര്‍ക്കും വേണ്ടിയാണ് കമ്പനി പില്ലര്‍ എടിഎം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയ്ക്കു വേണ്ടി കമ്പനി നിര്‍മിച്ച പില്ലര്‍ എടിഎം ഇപ്പോള്‍ അമേരിക്കയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പരീക്ഷണഘട്ടത്തിലാണ്.

ലാളിത്യവും വലിപ്പക്കുറവുമാണ് ഉപയോക്താവിനെ സംബന്ധിച്ച് പില്ലര്‍ എടിഎമ്മിന്റെ സവിശേഷതകളെങ്കില്‍ സുരക്ഷയുടെ കാര്യത്തിലും അതേ പ്രാധാന്യം ഇതിനുണ്ട്. പരീക്ഷണഘട്ടം കഴിഞ്ഞാല്‍ ഇന്ത്യയിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളില്‍ (ആദ്യഘട്ടത്തില്‍ മഹാരാഷ്ര്ടയില്‍) കമ്പനി പില്ലര്‍ എടിഎമ്മുകള്‍ സ്്ഥാപിക്കും. ഇന്ത്യയ്ക്കു പുറമേ സമാനമായ സാമൂഹികസാഹചര്യങ്ങളുള്ള മറ്റു രാജ്യങ്ങളിലും പില്ലര്‍ എടിഎം ബാങ്കിങ്ങില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കും. ശക്തമായ അടിത്തറയില്‍ നിലത്തുറപ്പിക്കുന്ന പില്ലര്‍ എടിഎം പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ തൂണിന്റെ ആകൃതിയിലുള്ളതാണ്, ഉയരം അരയ്‌ക്കൊപ്പം മാത്രം. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്ന എടിഎമ്മില്‍ പിന്‍ നമ്പരിനു പകരം ഉപയോക്താവിന്റെ വിരലടയാളമാണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്. പിന്‍വലിക്കേണ്ട തുകയെ സംബന്ധിച്ചും ആശയക്കുഴപ്പങ്ങളുണ്ടാവില്ല. 100, 500, 1000, 2000, 5000 എന്നിങ്ങനെ പിന്‍വലിക്കേണ്ട തുകകള്‍ സൂചിപ്പിക്കുന്ന വിവിധ നിറങ്ങളിലുള്ള ബട്ടണില്‍ വിരലമര്‍ത്തിയാല്‍ പണം കയ്യിലെത്തും, തൊട്ടുപിന്നാലെ റെസീപ്റ്റും. എന്തെങ്കിലും വായിക്കുകയോ ടൈപ്പ് ചെയ്യുകയോ വേണ്ട എന്നതാണ് പ്രധാന ആകര്‍ഷണം.

കള്ളന്മാര്‍ക്ക് കുത്തിപ്പൊളിക്കാനാവാത്ത ഡിസൈന്‍ ആണ് പില്ലര്‍ എടിഎമ്മിന്റേത്. പ്രധാനമായി ഇന്ത്യയിലെയും ചൈനയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ബാങ്കിങ്ങില്‍ പിന്നാക്കമായ മേഖലകളെ ഉദ്ദേശിച്ചാണ് എന്‍സിആര്‍ പില്ലര്‍ എടിഎമ്മുകള്‍ വികസിപ്പിച്ചെടുത്തത്. എടിഎം നിര്‍മിക്കുന്നതിനായി കമ്പനി പ്രാഥമികപഠനങ്ങള്‍ നടത്തിയത് മുംബൈയിലെ ചേരികളും നഗരപ്രാന്തങ്ങളിലുമായിരുന്നു. ഇന്ത്യയിലെ തപാല്‍പ്പെട്ടികളുടെ മാതൃക സ്വീകരിച്ചാണ് എടിഎം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിസൈനുമായി വീണ്ടും ജനങ്ങള്‍ക്കിടയിലെത്തി അവരുടെ അഭിപ്രായം സ്വീകരിച്ചാണ് എടിഎമ്മിന്റെ അവസാനരൂപം ഉണ്ടാക്കിയത്. നിലവില്‍ നിര്‍മിച്ചിരിക്കുന്ന അഞ്ച് മെഷീനുകളാണ് അമേരിക്കയില്‍ പരീക്ഷണഘട്ടത്തിലുള്ളത്. പരീക്ഷണം വിജയകരമായാല്‍ അടുത്ത വര്‍ഷത്തോടെ പില്ലര്‍ എടിഎമ്മുകള്‍ വ്യാപകമായി ജനങ്ങള്‍ക്കിടയിലെത്തും.

‘സ്ത്രീപീഡനം നിയമവിധേയമാക്കണം’

രാജ്യത്തെ കൈക്കൂലിയും അഴിമതിയും കുറയ്‍ക്കുന്നതിനു കൈക്കൂലി നല്‍കുന്നത് നിയമവിധേയമാക്കുകയും എന്നാല്‍ കൈക്കൂലി വാങ്ങുന്നത് ഗുരുതരമായ കുറ്റമായി നിലനിര്‍ത്തുകയും വേണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ സ്ത്രീപീഡനങ്ങള്‍ കുറയ്‍ക്കുന്നതിനും പീഡനങ്ങളെ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിനുമായി സ്ത്രീപീഡനം നിയമവിധേയമാക്കണമെന്ന് ചവറൂര്‍ പീഡനക്കേസിലെ അഞ്ഞൂറാമത്തെ പ്രതിയും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ തിളങ്ങുന്ന വ്യക്തിത്വവും സര്‍വോപരി ബുദ്ധിജീവിയുമായ ചാര്‍ളി ദി വാര്യര്‍ ആവശ്യപ്പെട്ടു. സ്ത്രീകളെ പീഡിപ്പിക്കുന്നത് നിയമവിധേയമാക്കുകയും അതേ സമയം പീഡനത്തിനു വിധേയരാകുന്ന സ്ത്രീകള്‍ക്ക് നീതി നടപ്പാക്കുകയും വേണമെന്നാണ് ചാര്‍ളി ആവശ്യപ്പെട്ടത്.

സ്ത്രീകളെ പീഡിപ്പിക്കുന്നത് നിയമവിധേയമാക്കിയാല്‍ പീഡിപ്പിക്കുന്നവര്‍ ആ വിവരം തുറന്നു പറയാന്‍ തയ്യാറാവും. അത് വലിയ കുറ്റമായി കാണുന്നത് കൊണ്ടാണ് പീഡിപ്പിക്കുന്നവരെ പിടികൂടാന്‍ കഴിയാത്തതും പീഡകരില്‍ ചിലരെങ്കിലും ആത്മഹത്യ ചെയ്യുന്നതും. മാത്രവുമല്ല, പീഡനത്തിരയാകുന്നവര്‍ പറയുന്ന വിവരമനുസരിച്ച് ആളുകളെ തിരഞ്ഞു പിടിക്കുക എന്നത് പൊലീസിനെ സംബന്ധിച്ചും വലിയൊരു ജോലിയാണ്.മാത്രവുമല്ല പെണ്ണുങ്ങളെ വിശ്വസിക്കരുതെന്ന് അപ്പനപ്പൂന്മാരുടെ കാലം മുതല്‍ക്കേ ശരിക്കുമുള്ള ബുദ്ധിജീവികള്‍ പറയുന്നതാണ്. പീഡനത്തെ നിയമവിധേയമാക്കുന്നതിനെക്കാള്‍ ഇടനിലക്കാരുടെ യഥാര്‍ഥമുഖം മനസിലാക്കാന്‍ ഈ നിയമം സഹായിക്കും. പീഡിപ്പിക്കുന്നവരെ ശിക്ഷിക്കുകയും ഇടനിലക്കാരെ വെറുതെ വിടുകയും ചെയ്യുന്ന നിയമമാണ് നിലവിലുള്ളത്. അത് മാറാനും ഇടനിലക്കാര്‍ ശിക്ഷിക്കപ്പെടുന്നതിനും പീഡകര്‍ക്കു നിയമപരിരക്ഷ ലഭിച്ചേ മതിയാവൂ.

പുതിയ മദ്യനയം അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കയ്യില്‍ വയ്‍ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററില്‍ നിന്ന് ഒന്നര ലിറ്ററാക്കി കുറച്ചതുപോലെ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടി പ്രായപൂര്‍ത്തിയായോ ഇല്ലയോ എന്നു തീരുമാനിക്കാനുള്ള പ്രായം 18 വയസ്സില്‍ നിന്നു 15 വയസ്സായി കുറയ്‍ക്കണമെന്നും ചാര്‍ളി ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ പണ്ടത്തേതില്‍ നിന്നു വ്യത്യസ്തമായി വളരെ നേരത്തെ തന്നെ വളര്‍ന്നു പന്തലിക്കുന്നതിനാല്‍ പീഡനത്തിനു പോകുമ്പോള്‍ ഇരക്കുട്ടി പ്രായപൂര്‍ത്തിയായതാണോ അല്ലയോ എന്ന് നോക്കി മനസിലാക്കാന്‍ സാധിക്കില്ല. പീഡനസമയത്ത് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നതും മറ്റും അപ്രായോഗികവുമാണ്. പ്രായപൂര്‍ത്തി നിര്‍ണയിക്കുന്ന പ്രായം 15 വയസാക്കുന്നതിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാം. പ്രായപൂര്‍ത്തിയാകാത്തവര്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യാം.

പീഡനക്കേസിലെ പ്രതികളെപ്പറ്റി നിറം പിടിപ്പിച്ച കഥകളെഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെയും വ്യക്തിഹത്യ നടത്തുന്ന സോഷ്യല്‍ മീഡിയക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി പീഡനക്കേസ് പ്രതികളുടെ സംഘടനയുടെ ലീഗല്‍ അഡ്വൈസര്‍ അഡ്വ.സി.എ.വാളൂര്‍ അറിയിച്ചു. ബലാല്‍സംഗം ഓരോ പൗരന്റെയും ജന്മാവകാശമാണ്. പീഡനക്കേസിലെ പ്രതികളാണെങ്കിലും എല്ലാവരും വലിയ വലിയ കുടുംബങ്ങളില്‍ പിറന്നവരും കലാകാരന്മാരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമൊക്കെയാണ്. അതുകൊണ്ട് തന്നെ സ്ത്രീപീഡനം എന്നത് വലിയൊരു കുറ്റമായി കാണുന്നത് ശരിയല്ലെന്നും സംഘടനയില്‍ അംഗത്വമുള്ള പ്രതികള്‍ക്ക് നിയമപരിരക്ഷ നല്‍കുമെന്നും നിഷ്കളങ്കരും നിസ്സഹായരുമായ അവരെ പൊലീസിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കുമെന്നും അഡ്വ.വാളൂര്‍ പറഞ്ഞു.

ന്യൂയോര്‍ക്കിലെ ബാറിലെ അഭിഭാഷകനായിരുന്ന വാളൂര്‍ ഇന്നുവരെ വാദിച്ചിട്ടുള്ള കേസുകളെല്ലാം പുല്ലുപോലെ ജയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. വാളൂര്‍ ഹാജരാകുന്ന കേസുകളില്‍ ജഡ്‍ജിമാരാണ് തോല്‍്ക്കുന്നത് എന്നാണ് ന്യൂയോര്‍ക്കിലെ ഒരു വല്യ പത്രം റിപ്പോര്‍ട്ട് ചെയ്തത്. വാളൂരാണ് വാദിക്കുന്നതെങ്കില്‍ ജഡ്‍ജിമാര്‍ പേടിച്ച് കോടതിയിലെത്താത്ത സാഹചര്യമാണ് അമേരിക്കയിലെങ്ങുമുള്ളതത്രേ. ഇതോടെ പീഡനത്തിനിരയായിട്ടുള്ള പെണ്‍കുട്ടികള്‍ പീഡകരുടെ പേര് പറയാന്‍ മടിക്കുകയാണ്.എന്നാല്‍ പീഡനം നിയമവിധേയമാക്കുകയും പീഡിപ്പിച്ച വിവരം തുറന്നു പറയുന്നവര്‍ക്ക് പാരിതോഷികം ഏര്‍പ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ പീഡനക്കേസിലെ ഇരകള്‍ക്ക് എളുപ്പത്തില്‍ നീതി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും ചാര്‍ളി ദി വാര്യര്‍ പറഞ്ഞു.

Tuesday 19 July 2011

മല്ലു വൈഫ്‍സ് മാനിഫെസ്റ്റോ

മോശം ഭര്‍ത്താക്കന്മാരോടൊപ്പം ജീവിക്കുന്ന നല്ല ഭാര്യമാരുടെ പറുദീസയാണ് കേരളം. സല്‍ഗുണസമ്പന്നരായ സ്ത്രീകള്‍ മദ്യപാനികളും പുകവലിയന്‍മാരും മനോരോഗികളും സര്‍വോപരി ഉഴപ്പന്‍മാരുമായ പുരുഷന്മാരോടൊപ്പം ജീവിക്കുന്ന കേരളത്തിലെ സാമൂഹികസാചഹര്യത്തില്‍ എങ്ങിനെ ഒരു ഭാര്യ വിജയകരമായി ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു എന്നത് പഠനവിധേയമാക്കേണ്ട സംഗതിയാണ്. ഒരു സാമൂഹികദ്രോഹി എന്ന നിലയില്‍ ശരാശരി മല്ലു ഭാര്യയുടെ പ്രത്യയശാസ്ത്രം അവരുടെ തത്വശാസ്ത്രത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത് അവതരിപ്പിക്കാനാണ് എന്റെ പരിശ്രമം. ഭാര്യ-ഭര്‍തൃ ബന്ധത്തിലെ മലയാളി ഭാര്യാ മാതൃകകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇത് അക്ഷരം പ്രതി പാലിക്കുന്ന ഭാര്യമാര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല.

1. പുരുഷകേന്ദ്രീകൃതമായ കുടുംബസംവിധാനമാണ് നാട്ടില്‍ നിലവിലുള്ളത് എന്നതിനാല്‍ അതിനനുസൃതമായ ഒരു തത്വശാസ്ത്രമാണ് ഭാര്യമാര്‍ രൂപീകരിക്കേണ്ടത്. അത് ഏതാണ്ട് ഇങ്ങനെയായിരിക്കണം- എല്ലാ ഭര്‍ത്താക്കന്മാരും ചീത്തയാണ്. അവര്‍ അധികാരം കാണിക്കുന്നവരും പീഡിപ്പിക്കുന്നവരും ദുശ്ശീലങ്ങള്‍ ഉള്ളവരും ആണ്. ഭാര്യമാര്‍ എല്ലാം സഹിക്കുന്നവരും നിശബ്ദം കണ്ണീരൊഴുക്കുന്നവരും ഭര്‍ത്താവിന്റെ അലമ്പുകള്ക്കെതിരെ നീന്തി സ്വന്തം കുടുംബത്തെ പിടിച്ചു നിര്‍ത്തുന്നവരുമാണ്. മലയാളത്തിന്റെ മാനസപുത്രിമാരാണ് അവര്‍.

2. സ്വന്തം ഭര്‍ത്താവിനോട് ഒരിക്കലും പോസിറ്റീവായ ഒരു മനോഭാവം വച്ചു പുലര്‍ത്തരുത്. ഉദാഹരണത്തിന് ഭര്‍്ത്താവ് മിടുക്കനാണ്, ഒരു സംഭവമാണ് എന്ന ലൈനിലൊന്നും കോന്തനോട് സംസാരിക്കുകയോ അത്തരത്തിലുള്ള സൂചനകള്‍ നല്‍കുകയോ ചെയ്യരുത്. മറിച്ച് ഭാര്യയോട് നീതി പുലര്‍ത്താത്ത, ഭാര്യയുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ ശ്രമിക്കാത്ത, തീരെ കാരുണ്യം കാണിക്കാത്ത കുടുംബസ്നേഹമില്ലാത്ത ക്രൂരനായ സ്വാര്‍ഥനാണ് ഭര്‍ത്താവ് എന്ന് അയാളെ അനുദിനം ബോധിപ്പിച്ചുകൊണ്ടിരിക്കണം. എന്നാല്‍, ക്ലബ് പോലുള്ള പൊതുവേദികളില്‍ ഇന്ത്യയിലേക്കും വച്ച് ഏറ്റവും ബുദ്ധിശാലിയും വിവേകശാലിയും സ്നേഹനിധിയുമാണ് തന്നോടൊപ്പമുള്ള അദ്ഭുതപ്രതിഭയായ കുടവയറന്‍ എന്ന് മറ്റ് ഭാര്യമാരോട് ഉദാഹരണങ്ങളിലൂടെ പറയാന്‍ മറക്കരുത്.

3. ഭര്‍ത്താവ് രാവിലെ മുതല്‍ രാത്രി വരെ അധ്വാനിക്കുന്നവനാണെങ്കിലും അടുക്കളജോലികളില്‍ തന്നെ സഹായിക്കുന്നുണ്ടോ ഇല്ലയോ എന്നതു നോക്കിയായിരിക്കണം അയാള്‍ പണിയെടുക്കുന്നവനാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത്. അടുക്കളയില്‍ ഒരു ജോലിയിലും സഹായിക്കാത്ത ഭര്‍ത്താവാണെങ്കില്‍ അയാള്‍ എന്തൊക്കെ ജോലികള്‍ ചെയ്യുന്നവനാണെങ്കിലും എത്ര അധ്വാനിക്കുന്നവനാണെങ്കിലും മടിയനും അലസനും ആണെന്നേ വിധിയെഴുതാവൂ. ഒരു നല്ല ഭര്‍ത്താവ് അടുക്കളയില്‍ ഭാര്യയോടൊപ്പം പണികള്‍ ചെയ്യുന്നവനാണ്.

4. ഭര്‍ത്താക്കന്മാര്‍ എപ്പോഴും ചീത്തയാണ് എങ്കിലും ഭാര്യയുടെ മൃദുലവികാരങ്ങളെ മാനിക്കാത്തവര്‍ അങ്ങേയറ്റം ചീത്തയാണ്. വൈകിട്ട് ആറര മുതല്‍ രാത്രി ഒന്‍പതര വരെയുള്ള സമയത്ത് ന്യൂസ് ചാനലുകള്‍ വയ്‍ക്കുന്ന ഭര്‍ത്താക്കന്മാര്‍ സ്വന്തം ഭാര്യയോടുള്ള കടമ നിറവേറ്റുന്നില്ല എന്നതിനു പുറമേ അവളുടെ സ്ത്രീത്വത്തെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്. ഭാര്യയോടൊപ്പം മെഗാസീരിയലുകള്‍ കാണുകയും ഒപ്പം കരയുകയും ചിരിക്കുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാരാണ് ഏറ്റവും റൊമാന്റിക്. അങ്ങനെയുള്ള ഭര്‍ത്താക്കന്മാരോടൊപ്പമുള്ള ജീവിതം സ്വര്‍ഗതുല്യമല്ല, സ്വര്‍ഗം തന്നെയാണ്.

5. കിടപ്പറയില്‍ ധാരാളം സംസാരിക്കുകയും പറയുന്നതെല്ലാം കേള്‍ക്കുകയും ചെയ്യുന്ന ഭര്‍ത്താവ് നല്ല മാതൃകയാണ് (പരിപാടിക്ക് ജസ്റ്റ് മുമ്പ് ആണ് ഭര്‍ത്താവിന്റെ അമ്മയെപ്പറ്റിയുള്ള കുറ്റങ്ങള്‍ പറയാന്‍ പറ്റിയ സമയം എന്നത് പരീക്ഷിച്ചു തെളിയിക്കപ്പെട്ടതാണ്).ഓരോ രാത്രിയും കിടപ്പറയില്‍ സഹകരിക്കണമെങ്കില്‍ എന്തൊക്കെ കാര്യങ്ങളാണ് ഭര്‍ത്താവ് ചെയ്യേണ്ടതെന്ന് നേരത്തെ തീരുമാനിക്കുകയും ഉച്ചയോടെ തന്നെ നിബന്ധനകള്‍ മുന്നോട്ടു വയ്‍ക്കുകയും വൈകിട്ട് കോന്തല്‍ കട്ടിലിലിരിക്കുമ്പോള്‍ തന്നെ അതൊക്കെ പാലിച്ചിട്ടുണ്ടോ എന്നുറപ്പു വരുത്തുകയും വേണം. പാലിച്ചിട്ടില്ല എങ്കില്‍ കട്ടില്‍ അപ്പോള്‍ തന്നെ മാറ്റിയിടുകയും തിരിഞ്ഞു കിടന്നുറങ്ങുകയും വേണം. നല്ല ഭര്‍ത്താവാണെങ്കില്‍ പിറ്റേന്നു തന്നെ അനുസരണയോടെ എല്ലാം അനുസരിച്ച് വന്നു കാലുപിടിക്കും.

6. കിടപ്പറയില്‍ നടക്കുന്ന പരിപാടികളില്‍ ഉത്തമഭാര്യമാര്‍ക്ക് എന്തെങ്കിലും താല്‍പര്യമോ പങ്കാളിത്തമോ സമ്മതമോ പോലും ഇല്ല എന്നത് വിസ്മരിച്ചുകൂട. ഭര്‍ത്താവിന്റെ ദുശ്ശീലങ്ങള്‍ക്കു വേണ്ടി ഒരു പാവപ്പെട്ട സ്ത്രീ നടത്തുന്ന ത്യാഗമായേ അതിനെ കാണാവൂ. അത് അങ്ങനെയാണെന്ന് ഭര്‍ത്താവിനെ ബോധിപ്പിക്കുകയും വേണം.ഓരോ ദിവസവും എല്ലാം കഴിയുമ്പോള്‍ ഒരിക്കല്‍ക്കൂടി താനുപയോഗിക്കപ്പെട്ടു എന്ന നിസ്സഹായത പ്രകടമാക്കിക്കൊണ്ടു വേണം എണീറ്റു പോകാന്‍.

7. ഫുള്‍ടൈം തണ്ണിയായ ഭര്‍ത്താവും ഒരു തുള്ളിപോലും അടിക്കാത്ത ഭര്‍ത്താവും ഒരേപോലെ ഭാര്യമാര്‍ക്ക് നാണക്കേടാണ്. ഓണം, വിഷു, ക്രിസ്‍മസ്, ഈസ്റ്റര്‍ തുടങ്ങിയ സുവര്‍ണാവസരങ്ങളില്‍ ഭാര്യയുടെ അനുവാദത്തോടെ മാത്രം മൂന്നു പെഗ് വീതം കഴിക്കുകയും വിശാലമനസ്‍കയായ ഭാര്യയുടെ അകൈതവമായ കാരുണ്യത്തില്‍ സന്തോഷത്താല്‍ വിജൃംഭിതനാവുകയും ചെയ്യുന്ന ഭര്‍ത്താവാണ് നല്ല ബെസ്റ്റ് മാതൃക. ഇതിനിടയില്‍ വല്ലപ്പോഴും കഴിച്ചുപോയാല്‍ വീട്ടിലെത്തി ഭാര്യയുടെ കാല്‍ക്കല്‍ വീണ് മാപ്പുപറയുന്ന തരത്തില്‍ കോന്തനെ ട്യൂണ്‍ ചെയ്തു വയ്‍ക്കണം.

8. ഭര്‍ത്താവിനു ഓഫിസിലോ പുറത്തോ മറ്റ് സ്ത്രീകളുമായി സൗഹൃദമുണ്ടെങ്കില്‍ താനത് സംശയത്തോടെയാണ് നിരീക്ഷിക്കുന്നതെന്ന് ആദ്യം തന്നെ ഭര്‍ത്താവിനെ ബോധിപ്പിക്കണം. ഭര്‍ത്താവിനുള്ളില്‍ ഒരു ഞരമ്പുരോഗി ഉണ്ടെന്ന വിവരം തനിക്കറിയാമെന്നും അതുകൊണ്ട് സ്ത്രീസൗഹൃദങ്ങളുടെ മേല്‍ തന്റെ കര്‍ശനനിരീക്ഷണം ഉണ്ടായിരിക്കുമെന്നും പറയാന്‍ മടി കാണിക്കരുത്. അതേ സമയം ഭാര്യയുടെ പുരുഷസുഹൃത്തുക്കളെപ്പറ്റി അന്വേഷിക്കുകയോ ഏതെങ്കിലും പുരുഷസുഹൃത്തിനെപ്പറ്റി എടുത്തു ചോദിക്കുകയോ ചെയ്യുന്ന ഭര്‍ത്താവിനെ സംശയരോഗി എന്നു മുദ്രകുത്താനും ആവശ്യമെങ്കില്‍ അയാളെ കൗണ്‍സിലിങ്ങിനു വിധേയനക്കാനും ശ്രമിക്കണം.

9.ഭാര്യയ്‍ക്ക് സാരി,ആഭരണങ്ങള്‍ എന്നിവ വാങ്ങുന്നതിനു വേണ്ടി ലോണ്‍ എടുക്കുന്ന ഭര്‍ത്താവിനെ മാതൃകയായി എവിടെയും അവതരിപ്പിക്കാം. ഇടക്കിടെ ഭാര്യയെ നിര്‍ബന്ധിച്ച് വലിയ ഷോപ്പിങ് മാളുകളില്‍ കൊണ്ടുപോകുന്നതും അതുമിതും വാങ്ങിക്കൊടുക്കുന്നതും നല്ല ഭര്‍ത്താവിന്റെ ലക്ഷണമാണ്.

10.ഭാര്യയുടേം ഭാര്യയുടെ കുടുംബക്കാരുടെയും പിറന്നാളും അതുപോലുള്ള ദിനങ്ങളും കൃത്യമായി ഓര്‍ത്തു വയ്‍ക്കുകയും ഭാര്യ വിളിക്കുന്നതിനു മുമ്പ് തന്നെ അവരെയൊക്കെ വിളിച്ച് ആശംസിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഭര്‍ത്താവാണ് നല്ല ഭര്‍ത്താവ്. ഇതൊക്കെ മറന്നുപോവുകയും മന്നുപോയതിനു ന്യായങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന തരം ഭര്‍ത്താക്കന്മാര്‍ എന്നും ഭാര്യമാര്‍ക്കൊരു ബാധ്യതയാണ്. അത്തരം ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ജീവിക്കണോ എന്നതുപോലും സീരിയസ്സായി ആലോചിക്കേണ്ട വിഷയമാണ്.

ഗൂഗിള്‍ + ഒരു കൂതറ സോഷ്യല്‍ മീഡിയ ആണ

ഗൂഗിള്‍ മുതലാളിമാരും ആരാധകരും ക്ഷമിക്കണം. രണ്ടാഴ്ചയായി സഹിക്കുന്നു, പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നു,ആഴങ്ങളിലേക്കിറങ്ങി ചെല്ലാന്‍ പരിശ്രമിക്കുന്നു, ഗൂഗിള്‍ പ്ലസ് എന്ന പുതിയ സംരംഭം നല്‍കുന്ന അനുഭവം വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത് ഉള്ക്കിടിലമുണ്ടാകുന്ന എവിടെയോ വച്ച ഫീലിങ്ങാണ്. എന്തു പണ്ടാരമാണിത് ?

മാര്ക്ക് സക്കര്‍ബര്‍ഗ് എന്റെ അളിയനോ അമ്മാവന്റെ മകനോ അല്ല.എങ്കിലും ഇതുവരെയുള്ള അനുഭവം വച്ച് ഒരു കാര്യം കണ്‍ക്ലൂഡ് ചെയ്യാനാഗ്രഹിക്കുന്നു- ഫേസ്‍ബുക്കിനോട് മുട്ടാന്‍ ഗൂഗിള്‍ മിനിമം മൂന്നു തവണയെങ്കിലും ജനിക്കേണ്ടി വരും. ഓര്‍കുട്ട്, ഫേസ്‍ബുക്ക്, ഗൂഗിള്‍ ബസ്സ് (പേരെടുത്തു പറയേണ്ട കാര്യമില്ലാത്ത ഒരു ഡസന്‍ ഐറ്റംസ് വേറെയുമുണ്ട്)ഒടുവിലിപ്പോള്‍ ഗൂഗിള്‍ പ്ലസ്സും. എല്ലാം ഉപയോഗിച്ചിട്ടും ഒരു പിടികിട്ടായ്കയും അരക്ഷിതാവസ്ഥയും ഫീല്‍ ചെയ്യുന്നത് ഗൂഗിള്‍ പ്ലസില്‍ മാത്രമാണ്. എന്തൊക്കെയോ ഉണ്ടെന്നു പറയുന്നു, ഒരു സാദാ മല്ലു എന്ന നിലയ്ക്ക് പ്രത്യേകച്ചൊന്നും ഫീല്‍ ചെയ്യുന്നില്ല.

ഗൂഗിള്‍ പ്ലസ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് ഡെയ്‍ലി പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങള്‍ വായിച്ചാല്‍ വേറെ ഏതോ ഗൂഗിള്‍ പ്ലസിനെപ്പറ്റിയാണെന്നു തോന്നും. ഇത്രയും ദിവസും ഉപയോഗിച്ചിട്ടും അത് ഏതെങ്കിലും തരത്തില്‍ എന്നെ സ്വാധിനിച്ചില്ല, ഫേസ്‍ബുക്കിനോടൊപ്പം ഗൂഗിള്‍ പ്ലസ് കൂടി മേയ്‍ചുകൊണ്ടു പോകാന്‍ ഗൂഗിളില്‍ എനിക്കു ഷെയറുകളോ മാസാമാസം ഡോളറുകളയച്ചു തരുന്ന കാമുകിയോ ഇല്ല. ഫേസ്‍ബുക്ക് ഉപേക്ഷിച്ച് ഗൂഗിള്‍ പ്ലസില്‍ ചേരാന്‍ മാത്രം ഗുണമോ മണമോ നിറമോ ഗൂഗിള്‍ പ്ലസിനുള്ളതായിട്ട് എനിക്കിതുവരെ തോന്നിയതുമില്ല.

ഓര്‍കുട്ട് നന്നായിരുന്നു, പക്ഷെ, കാലക്രമേണ അത് അലമ്പായിപ്പോയി. ഗൂഗിള്‍ ബസ്സ് എന്നാല്‍ കേരളാ പൊറോട്ട എന്നൊക്കെ പറയുന്നതുപോലെ മലയാളം ബ്ലോഗര്‍മാരുടെ കുത്തകയായ എന്തോ സംഭവമാണെന്ന തോന്നലാണ് ഒറ്റ നോട്ടത്തില്‍.ഗൂഗിള്‍ പ്ലസ് ഗൂഗിളിന്റെ സര്‍ഗശേഷിയുടെ കാര്യത്തില്‍ വലിയൊരു മൈനസാണ് എന്നാണ് എന്റെ വിലയിരുത്തല്‍. ഒടുക്കത്തെ പ്രൈവസി എന്നും പറഞ്ഞ് കുറെ വട്ടം വരച്ചിട്ടിരിക്കുന്നത് കാണുമ്പോള്‍ താജില്‍ ചായ കുടിക്കാന്‍ ചെല്ലുന്നവന്റെ മുന്നില്‍ പഞ്ചസാരയും തേയിലയും സ്പൂണും പാല്‍പാത്രവുമെല്ലാം കൂടി നിരത്തിവച്ചിരിക്കുന്നതുപോലെ തോന്നുന്നു.

ഫേസ്‍ബുക്കിനോട് മല്‍സരിക്കാന്‍, ഫേസ്‍ബുക്കിനെ തറപറ്റിക്കാന്‍ തുടങ്ങിയ പ്രയോഗങ്ങള് ഗൂഗിള്‍ പ്ലസിന്റെ കാര്യത്തില്‍ അപ്രസക്തമാണ്. ഇഷ്ടമുള്ള പാട്ട് ട്യൂണ്‍ ചെയ്തു കേള്‍ക്കുന്നതും നാട്ടുകാര്‍ക്കിഷ്ടപ്പെട്ടതെന്നു കരുതുന്ന പാട്ട് മൈക്കിലൂടെ എല്ലാവരുടെയും ചെവിയിലേക്ക് അടിച്ചുകയറ്റുന്നതും പോലെ വ്യത്യാസമുണ്ട് ഫേസ്ഡ‍ബുക്കും ഗൂഗിള്‍ പ്ലസും. സോഷ്യല്‍ മീഡിയ എന്ന നിലയ്‍ക്ക് ക്രമാനുഗതമായി വളര്‍ന്നു വലുതായ ഫേസ്‍ബുക്കിനെ തൂറിത്തോല്‍പിക്കാനുള്ള അശ്രാന്തപരിശ്രമമാണ് ഗൂഗിള്‍ നടത്തുന്നത്. പരമാവധി അംഗങ്ങളെ പിടിച്ചകത്തിട്ട് അതിന്റെ കണക്കെടുത്ത് ജനത്തെ പറ്റിക്കാനുള്ള മുട്ടന്‍ തട്ടിപ്പാണ് എല്ലാം.ആരൊക്കെ നമ്മെ ഫോളോ ചെയ്യണം എന്ന കാര്യത്തില്‍ കാഴ്ചക്കാരനായി നില്‍ക്കുകയും എന്തൊരു പ്രൈവസി എന്നു വിസ്‍മയിക്കുകയും ചെയ്യേണ്ടി വരുന്നത് വിചിത്രമാണ്.

ചുരുക്കിപ്പറഞ്ഞാല്‍, ഫേസ്‍ബുക്ക് ഒരു സാദാ മല്ലുവിന് എന്താണോ അതാവാന്‍ ഗൂഗിള്‍ പ്ലസിനു തല്‍ക്കാലം കഴിഞ്ഞിട്ടില്ല. ഫേസ്‍ബുക്ക് വന്നപ്പോ ഓര്‍കുട്ടുകാര്‍ക്ക് ഇതേപോലെ ഒരു പ്രശ്നമുണ്ടായിരുന്നെന്നു തോന്നുന്നു.പക്ഷെ, പിന്നീട് അവര്‍ വയ്‍പും തീനുമൊക്കെ ഫേസ്‍ബുക്കിലായി.അതുപോലെ ചിലപ്പോ ഗൂഗിള്‍ പ്ലസും കേറിയൊരു സംഭവമായിക്കൂടാ എന്നൊന്നുമില്ല. സേവനത്തിന്റെ ഗുണദോഷങ്ങളെക്കാള്‍ സേവനദാതാക്കളുടെ സമീപനം കൊണ്ട് ഗൂഗിള്‍ പ്ലസ് ജനത്തെ വെറുപ്പിക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. ഇതിനോടകം മിനിമം 10 പേരെങ്കിലും എങ്ങനെ ഈ സാധനം ഡിലീറ്റ് ചെയ്യാം എന്ന് അല്‍പജ്ഞാനിയായ എന്നോടു മാത്രം ചോദിച്ചിട്ടുണ്ട്.